1 Kings 7

1ശലോമോൻ തന്റെ അരമന പതിമൂന്ന് വർഷം കൊണ്ട് പണിതു തീർത്തു. 2നൂറു മുഴം നീളത്തിലും അമ്പത് മുഴം വീതിയിലും മുപ്പത് മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു .ദേവദാരു കൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് നാലു നിര ദേവദാരു തൂണുകളായിരുന്നു

3ഓരോ നിരയിൽ പതിനഞ്ച് തൂണുവീതം നാല്പത്തഞ്ച് തൂണിന്മേൽ തുലാം വെച്ച് ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു. 4ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു. 5വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു ; കിളിവാതിൽ മൂന്ന് നിരയായി നേർക്കുനേരെ ആയിരുന്നു.

6അവൻ അമ്പത് മുഴം നീളവും മുപ്പത് മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.

7ന്യായം വിധിക്കേണ്ടതിന് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.

8അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു ; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.

9ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും , അളവിന് വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ട് ആയിരുന്നു. 10അടിസ്ഥാനം പത്ത് മുഴവും എട്ട് മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.

11മേൽപണി അളവിന് വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. 12പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ട് ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്റെ പൂമുഖവും പണിതിരുന്നു .

13ശലോമോൻരാജാവ് സോരിൽനിന്ന് ഹീരാം എന്നൊരുവനെ വരുത്തി. 14അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ പിതാവ് സോർ ദേശക്കാരനായ ഒരു ഓടുപണിക്കാരനായിരുന്നു: അവൻ ഓടുകൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.

15അവൻ ഓരോന്നിനും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉള്ള രണ്ട് തൂണുകൾ ഓട് കൊണ്ട് വാർത്തുണ്ടാക്കി. 16തൂണുകളുടെ മുകളിൽ അവൻ ഓട് കൊണ്ട് രണ്ട് മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ച് മുഴം ഉയരമുള്ളതായിരുന്നു. 17തൂണുകളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴ് ചങ്ങലകൾ ഉണ്ടായിരുന്നു.

18അങ്ങനെ അവൻ തൂണുകൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി. 19മണ്ഡപത്തിലെ തൂണുകളുടെ മുകളിലെ മകുടം താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.

20ഇരു തൂണുകളുടെയും മുകളിലെ മകുടത്തിന്റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്ത് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു. 21അവൻ തൂണുകളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു. 22തൂണുകളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ തൂണുകളുടെ പണി പൂർത്തിയാക്കി.

23അവൻ ഓടുകൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു. 24അതിന്റെ വക്കിന് താഴെ,കടലിന് ചുറ്റും മുഴം ഒന്നിന് പത്ത് അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ട് നിരയായി വാർത്തിരുന്നു.

25അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വെച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു. 26അതിന് ഒരു കൈപ്പത്തിയുടെ ഘനവും , വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.

27അവൻ ഓട് കൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു. 28പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു. 29ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു ; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.

30ഓരോ പീഠത്തിനും ഓട് കൊണ്ടുള്ള നന്നാല് ചക്രങ്ങളും ഓട് കൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു. 31അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല , സമചതുരാകൃതി ആയിരുന്നു.

32ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം. 33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം ഓടുകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.

34ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നേ ഉള്ളവ ആയിരുന്നു. 35ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും , മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.

36അതിന്റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ , അവൻ കെരൂബ്, സിംഹം , ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി. 37ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും , ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.

38അവൻ ഓട്കൊണ്ട് പത്ത് തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പത് ബത്ത് വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാല് മുഴം വ്യാസം ഉള്ളതായിരുന്നു. പത്ത് പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു. 39അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്ത് ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.

40പിന്നെ ഹീരാം തൊട്ടികളും വലിയ കരണ്ടികളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു. 41രണ്ട് തൂണുകൾ, രണ്ട് തൂണുകളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ട് മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ട് വലപ്പണികൾ,

42തൂണുകളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ട് വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം, 43പത്ത് പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്ത് തൊട്ടി,

44ഒരു കടൽ, കടലിന്റെ കീഴെ പന്ത്രണ്ട് കാളകൾ, 45കലങ്ങൾ, വലിയ കരണ്ടികൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിന് വേണ്ടി ശലോമോൻരാജാവിന്റെ ആവശ്യപ്രകാരം ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓട് കൊണ്ടായിരുന്നു.

46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു. 47ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു.

48അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന് വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ, 49അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,

50ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്റെ വാതിലുകൾക്കും ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.

അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.

51

Copyright information for MalULB